2010, ഡിസംബർ 19, ഞായറാഴ്‌ച

വചനാധിഷ്ടിതമായ യുവത്വം

വിശുദ്ധ പൌലോസ് യുവാവായ തിമോത്തിയോസിനു കൊടുക്കുന്ന ഉപദേശം എക്കാലത്തെയും ക്രിസ്തീയ യുവജനത്തിനുള്ള പ്രബോധനമത്രേ. 2 തിമോത്തി 3 : 14 - 15 ക്രിസ്തുയേശുവിങ്കലെ വിശ്വാസത്താല്‍ നിന്നെ രക്ഷിച്ചു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതല്‍ അറിയുകയും ചെയ്യുന്നത് കൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിനാല്‍ നിലനില്‍ക്കുക. ഈ പ്രബോധനത്തില്‍ ക്രിസ്തീയ ജീവന്റെ മൌലിക തത്വം സംബന്ധിച്ച് ധാരാളം കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ വചനം അറിയുക, പഠിക്കുക, നിശ്ചയം പ്രാപിക്കുക., നിലനില്‍ക്കുക.
 ദൈവത്തിന്റെ വചനം അടങ്ങിയ വി . വേദപുസ്തകം ഒരു മായവും, കലര്പ്പും, കൂടാതെ നമ്മുടെ കരങ്ങളില്‍ എത്തിച്ചത് വലിയ ദൈവകൃപ തന്നെ. ഇന്നത്തെ ക്രിസ്തീയ തലമുറയ്ക്ക് ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ തിരുവച്ചനത്തിലേക്ക് മടങ്ങുക.
ഒരു യഥാര്‍ത്ഥ ദൈവപൈതലിന്റെ ജീവിതത്തില്‍ ദൈവവചനത്തിന്റെ സ്വാധീനം എന്ത്? ഒരു മനുഷ്യന്‍ കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ ദുര്‍ക്കട സാഹചര്യങ്ങളിലും പോരാട്ടങ്ങളിലും നിരാശകളിലും ഒരു പോലെ ജയം നേടാന്‍ ശക്തി പകരുന്ന ജീവന്റെ വാഗ്ദത്ത വചനങ്ങള്‍ തമ്പുരാന്‍ നമുക്ക് നല്‍കിയിരിക്കുന്നു. കറുത്ത മഷി കൊണ്ട് വെള്ള കടലാസില്‍ എഴുതിയിരിക്കുന്ന ഈ വാഗ്ദ്ധത്തങ്ങള്‍ ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം വെറും ജീവനില്ലാത്ത എഴുത്തായിരിക്കും എന്നാല്‍ ഒരു ദൈവ പൈതലിനു അത് ജീവനാണ്, ആത്മാവാണ് കേവലം പോടീ മാത്രമായ ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആഴമായ വിശ്വാസത്തോടെ ദൈവത്തിന്റെ വാഗ്ദത്ത വചനം ഉരുവിടുമ്പോള്‍ അത് ജീവനുള്ളതും ചൈതന്യമുള്ളതും അതിവേഗത്തില്‍ ഓടുന്നതുമായ ദൈവ ശക്തിയാകുന്നു. ജീവസുറ്റ വചന ശക്തിയായി വിശ്വാസിക്ക് അത് വെളിപ്പെടുന്നു. 
കര്‍ത്താവിനെ സ്നേഹിക്കുന്ന യുവാവോ, യുവതിയോ,നിങ്ങളില്‍ ഓരോരുത്തരും അത്രേ ഈ വചനത്തെ ജീവസുറ്റതാക്കുന്നത്. ദൈവത്തിന്റെ വചനത്തെ മുറുകെ പിടിക്കൂ, വിശ്വാസിക്ക് അവകാശപ്പെടൂ, വചനത്തോട് പറ്റിച്ചേര്‍ന്നു നില്‍ക്കൂ അത് നമ്മുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കും നമ്മുടെ കര്‍ത്താവ്‌ തന്റെ മുന്നില്‍ കടന്നു വന്ന സാധാരണ ജനത്തെ സംബോധന ചെയ്തു ഇങ്ങനെ പറഞ്ഞു. മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടു കൂടി ഇതൊക്കെയും നിങ്ങള്ക്ക് ലഭിക്കും. 
ആധുനിക മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. രാവും, പകലും ഇല്ലാതെ ഓടി നടന്നു അധ്വാനിച്ച് സ്വന്തമാക്കുവാന്‍ വാഞ്ചിക്കുന്ന അനുഗ്രഹം ഇതാ തമ്പുരാന്‍ നമ്മില്‍ പകരുവാന്‍ ആഗ്രഹിക്കുന്നു. ഒറ്റ നിബന്ധന മാത്രമേ പാലിക്കെണ്ടതുള്ളൂ. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കണം. എന്നാലിന്ന് മനുഷ്യന്‍ ദൈവത്തോട് ചോദിക്കുന്ന ക്രമം മറിച്ചാണ്.മുന്നമേ എല്ലാം ഇങ്ങു തരിക, പിന്നെ നിന്റെ രാജാവും നീതിയും അന്വേഷിക്കാം. എന്നാല്‍ ആരും അങ്ങിനെ പ്രാപിച്ചിട്ടില്ല. ഒന്നാമത് ചെയ്യേണ്ടത് ഒന്നാമത് തന്നെ ചെയ്യണം. 
ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ തന്റെ ജീവിത സായാഹ്നത്തില്‍ എഴുതിവെച്ചു സഭാ പ്രസംഗി :12 :1 നിന്റെ യൌവനകാലത്ത് നിന്റെ സൃഷ്ടാവിനെ ഓര്‍ത്തു കൊള്ളുക. യുവാവേ, യുവതിയെ കര്‍ത്താവിനെ പിന്പട്ടെണ്ട സമയം ഇതാണ്. ദൈവ വചന പ്രകാരം ആത്മരക്ഷ സ്വന്തമാക്കൂ. വിശ്വസിച്ചു ആത്മരക്ഷ പ്രാപിച്ച ഓരോ ദൈവ പൈതലും ആത്മീയ വര്‍ധന പ്രാപിക്കണം. ആത്മീയ വര്‍ധനയ്ക്ക് ദൈവ ശാസീയമായ വചന പഠനം ഒഴിച്ച് കൂടാന്‍ പാടില്ലാത്തതാണ്. 
ആവര്‍ത്തന പുസ്തകത്തില്‍ മോശ ഇസ്രയേല്‍ ജാതിക്കു കൊടുക്കുന്ന ഉപദേശം നമുക്കും ഉള്ളതത്രെ. വചനം നിന്റെ ഹൃദയത്തില്‍ ഇരിക്കേണം, മക്കള്‍ക്ക്‌ ഉപദേശിച്ചു കൊടുക്കേണം, വീട്ടില്‍ ഇരിക്കുമ്പോഴും, വഴി നടക്കുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും, അവയെ കുറിച്ച് സംസാരിക്കേണം. ആവര്‍ത്തനം 6 :6 -9 മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, യെഹോവയുടെ വായില്‍ നിന്നും വരുന്ന വചനം കൊണ്ടും ജീവിക്കുന്നു. ഹൃദയത്തില്‍ ദൈവത്തിന്റെ വചനം നിറച്ചു വച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ ആ വചനം വളരെയധികം സ്വാധീനിക്കും. 
നമ്മെ കര്‍ത്താവ്‌ വീണ്ടെടുത്തിരിക്കുന്നതു ഒരു വിശുദ്ധ ജീവിതത്തിനു വേണ്ടിയത്രെ നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. ദൈവ വചനം ധ്യാനിച്ചുകൊണ്ടായിരിക്കട്ടെ, ദിവസം മുഴുവനും ഈ ജീവന്റെ വചനം നമ്മുടെ ചിന്തകളെ ഭരിക്കട്ടെ. കര്‍ത്താവ്‌ ദൈവവചനം കൊണ്ട് സാത്താന്റെ പരീക്ഷണത്തെ ജയിച്ചു എങ്കില്‍ നമുക്ക് ഈ ദൈവവചനം എന്ന ആത്മാവിന്റെ വാള്‍ എത്ര അധികം ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ത്താവിനു പ്രസാധമുള്ലൊരു ജീവിതം ആഗ്രഹിക്കുന്ന ഓരോ യുവാവും യുവതിയും ചെയ്യേണ്ടത്.

  • ദൈവത്തിന്റെ ജീവനുള്ള വചനങ്ങളിലേക്ക് മടങ്ങുക.
  • നിരന്തരം വചനം വായിക്കുക.
  • നിരന്തരം വചനം ശ്രദ്ധയോടെ പഠിക്കുക.
  • വചനത്തിനു മുന്‍പില്‍ ഒരു എളിയ വിദ്യാര്‍ഥി ആകുക.
  • നാള്‍ തോറും വചനം ധ്യാനിക്കുക.
  • നടക്കുമ്പോഴും, ഇരിക്കുമ്പോഴും, സ്വസ്ഥതയുള്ളപ്പോഴും വചനത്തെക്കൊണ്ട് ചിന്താമണ്ഡലം നിറയ്ക്കുക.
  • ജീവല്‍ പ്രശ്നങ്ങളെ നേരിടുമ്പോള്‍ ദൈവീക വാഗ്ദ്ധത്തങ്ങളെ മുറുകെ പിടിക്കുക.
  • വാഗ്ദ്ധത്തങ്ങളെ നിരത്തി വച്ച് പ്രാര്‍ഥിക്കുക.
  • ഒരു വിശുദ്ധ ജീവിതത്തിനായി സ്വയം സമര്‍പ്പിക്കുക.
  • ജീവനും ശക്തിയുമായുള്ള ദൈവത്തിന്റെ വചനം എല്ലാ പോരാട്ടങ്ങളിലും ജയം തരുവാന്‍ മതിയായതത്രേ.
വചനാധിഷ്ടിതമായ ഒരു യുവത്വത്തിന് വേണ്ടി മാത്രമല്ല ഒരു മുഴുവന്‍ മനുഷ്യായുസിനു വേണ്ടി നമുക്ക് നമ്മെ തന്നെ സമര്‍പ്പിക്കാം.
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ നിര്ത്തുന്നു ജെസ്റ്റിന്‍ ദുബായ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ