2010, ഡിസംബർ 19, ഞായറാഴ്‌ച

താരാട്ട്

ടീവി ഓണ്‍ ചെയ്തപ്പോള്‍ കണ്ടത് ഇഷ്ട്ടപ്പെട്ട ഫോണ്‍ ഇന്‍ പ്രോഗ്രാം തുടങ്ങുന്നതാണ്. അവതാരകയുടെ സൌന്ദര്യമാണോ, സംസാര പാടവമാണോ, എനിക്ക് ആ പ്രോഗ്രാം പ്രിയപ്പെട്ടതാക്കിയത് എന്നറിയില്ല. എല്ലാ ചാനലുകളിലും ഒരു ഓട്ട പ്രദക്ഷിണം നടത്തിയിട്ടും, എനിക്ക് ഈ പ്രോഗ്രാമില്‍ തന്നെയാണ് മനസ്സുടക്കി നിന്നത്.
          
  നിറഞ്ഞ പുഞ്ചിരിയുമായി വന്ന അവതാരകയെ പകുതി ആരാധനയോടും, കുറച്ചു അസൂയയോടും ഞാന്‍ നോക്കിയിരുന്നു. കൊച്ചു കുട്ടികളും, മുതിര്ന്നവരുമായി ധാരാളം പേര്‍ പ്രോഗ്രാമിലേക്ക് വിളിച്ചു. യാതൊരു പിരിമുറുക്കവും ഇല്ലാതെ സരസമായി അവതാരക സംസാരിച്ചുകോണ്ടെയിരുന്നു. ഒട്ടും ബോറടിപ്പിക്കാതെ മുന്‍പ് വിളിച്ചവരെ തിരിച്ചറിഞ്ഞ് തന്റെ ഓര്‍മ്മ ശക്തി കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി അവള്‍ മുന്നേറി.


            പ്രോഗ്രാം തീരാന്‍ നേരമായെന്നും ഇനി വരുന്നത് അവസാനത്തെ കോളര്‍ ആണെന്നും അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി. അതിനു കാരണങ്ങള്‍ പലതായിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യാമായിരുന്ന അരമണിക്കൂര്‍ കുറെ അനാവശ്യ വര്‍ത്തമാനങ്ങള്‍ കേട്ടു നഷ്ട്ടപ്പെടുതിയിരിക്കുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്ന എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ചിന്ത ഇത്രയുമായപ്പോഴേക്കും അവസാനത്തെ കോളര്‍ ലൈനില്‍ എത്തി.


''ഹലോ, വെല്‍കം റ്റു....... ''


            ''താങ്ക് യു ചേച്ചി ............... എന്റെ പേര് ആല്‍വിന്‍ ''


''ഹായ് ആല്‍വിന്‍ എവിടുന്നു വിളിക്കുന്നു?''
         
    ''ഒമാനിലെ സലാലയില്‍ നിന്നും ......''


'' ഓ.. ആല്‍വിന്‍ നേരത്തെ വിളിച്ച്ചിട്ടുണ്ടല്ലേ ?''


             ''ഇല്ല ചേച്ചി ആദ്യമായിട്ടാ വിളിക്കുന്നത്‌..''


                           അവതാരകയുടെ മുഖം മങ്ങിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി. അവള്‍ക്കു അങ്ങനെ തന്നെ വേണം. ഈയിടെയായി ഇത്തിരി ഓവര്‍ സ്മാര്‍ട്ട് ആകുന്നുണ്ട്.    നന്നായി....


''ഓ കെ ആല്‍വിന്‍ - അവിടെ എന്തിണ്ട് വിശേഷം..?''


             ''നല്ല വിശേഷങ്ങള്‍ ...''


''എങ്കില്‍ ആ നല്ല വിശേഷങ്ങള്‍ ഞങ്ങളുമായി പങ്കു വെക്കരുതോ..?''     പിന്നെ ആല്‍വിന് ഏത് പാട്ടാ വേണ്ടത്?''


              '' അത് .....ചേച്ചി ഒരു താരാട്ട് പാട്ട് വച്ച് തരുമോ..?''


''താരാട്ട്.!!!.. താരാട്ട് പാട്ടോ..? ആല്‍വിന്‍ ഏത് ക്ളാസിലാ പഠിക്കുന്നത്..?''


               ''ടെന്‍തില്‍ ...''


''ടെന്‍ തില്‍ പഠിക്കുന്ന കുട്ടി താരാട്ട് പാട്ട് ചോദിക്കുമോ?  ഐ ജെസ്റ്റ് കാന്റ് ബിലീവ് ....''
മറുപടി കേട്ടില്ല. പെണ്‍കുട്ടി തുടര്‍ന്നു .


''സോറി ആല്‍വിന്‍ താരാട്ട് പാട്ട് പ്ളേ ചെയ്യാന്‍ ചെറിയ ടെക്നിക്കല്‍ പ്രോബ്ളംസ് ഉണ്ട്. ആല്‍വിന് ഞാന്‍ ഒരു അടിപൊളി പാട്ട് വെച്ച് തരട്ടെ?''
വീണ്ടും മൌനം.


''ആല്‍വിന്‍ എന്താ ഒന്നും പറയാത്തത് ? വേറെ പാട്ട് വച്ച് തരട്ടെ..?''


വീണ്ടും നിശബ്ധത.


'' ആല്‍വിന്‍ വീട്ടില്‍ ഒറ്റയ്ക്കാണോ..?''


            ''ങ്ങും..''  ഒരു .. മൂളല്‍ കേട്ടോ?''


'' വേറാരും ഇല്ലേ?''


               ''ഇല്ല..''


'' കുറച്ചു കൂടി ഉഷാറായി സംസാരിക്കു ഉറക്കം വരുന്നോ..? ഉറങ്ങാന്‍ വേണ്ടിയാണോ താരാട്ട് പാട്ട് ചോദിച്ചത്? ബ്രദേഴ്സ് ,സിസ്റ്റെര്സ് ആരുമില്ലേ.?''


                '' ഇല്ല ഞാന്‍ ഒറ്റ മോനാ.''


'' ലേക്കി യു...... അപ്പോള്‍ കൊഞ്ചിച്ചായിരിക്കുമല്ലോ വളര്‍ത്തുന്നത് ...?''
മറുപടിയായി ഒരു മൂളല്‍ കേട്ട പോലെ..


'' മോന് ഏത് ടൈപ്പു പാട്ടുകളോടാനിഷ്ട്ടം  താരാട്ട് പാട്ടുകളോടാണോ..?''


                 ''ങാ......''


'' അതെന്താ അമ്മ ഒത്തിരി താരാട്ട് പാട്ടുകള്‍ പാടി തന്നിട്ടുണ്ടാവും അല്ലെ..?''


                 '' അറിയില്ല..''


'' ഓ..  ശരിയാ ആല്‍വിന്‍ അന്ന് കൊച്ചു കുട്ടിയാണല്ലോ അല്ലെ മോനെ..?


                '' അത് ... അറിയില്ല ചേച്ചി എനിക്ക്..... എനിക്ക് അമ്മയില്ല..... എന്റെ 
അമ്മ..............''


''ങേ.... എന്ന ഞെട്ടലോടെ അവതാരകയുടെ മുഖം വിളരുന്നത് ഞാന്‍ കണ്ടു. എന്റെ ഹൃദയത്തില്‍ ഒരു വലിയ ഓളം ഉണ്ടായതും ആ ഓളത്തിന്റെ അലയില്‍ എന്റെ വിരലുകള്‍ പോലും വിറ കൊള്ളുന്നത്‌ ഞാന്‍ അറിഞ്ഞു.


  ആ കുട്ടിയോട് എന്ത് മറുപടി പറയണമെന്ന് അവളോടൊപ്പം ഞാനും വിഷമിച്ചു.
 ''ഓ കേ.. ആല്‍വിന്‍ - ഞങ്ങള്‍ ഒരു പാട്ട് വച്ച് തരാം... ഹാവ്  എ വണ്ടര്‍ഫുള്‍ വീകെന്റ്റ് .....  എന്ന് പറഞ്ഞു വിയര്‍ത്തു തുടങ്ങിയ മുഖവുമായി അവള്‍ സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായി.


       അമ്മ എന്നോ പഠിപ്പിച്ച ഒരു കുസൃതിപ്പാട്ടും പാടി ഓടിവന്നു കഴുത്തില്‍ തൂങ്ങിയ എന്നെ വാരിയെടുത്ത് മടിയില്‍ വച്ച് നെറുകയില്‍ ഉമ്മ വെക്കുന്നത് ഓര്‍ക്കുമ്പോള്‍ ....   മനസുപിടഞ്ഞു ദൂരെയെവിടെയോ കണ്ടിട്ടില്ലാത്ത അമ്മയുടെ സ്നേഹത്തിനു കാത്തിരിക്കുന്ന...... താരാട്ട് പാട്ടിനു കൊതിക്കുന്ന........ ഒരു കൊച്ചു മനസിന്റെ തേങ്ങല്‍ എന്റെ കാതില്‍ കേട്ടു കൊണ്ടേയിരുന്നു............
            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ